മുക്കം: എത്ര ശക്തമായ മഴ പെയ്താലും ചെറുവാടി ചാലിപ്പാടം- കൂടത്തിൽ തോടിലൂടെ ജലം സുഗമമായി ഒഴുകിയിരുന്നു. എന്നാൽ നാല് വർഷം മുമ്പ് ചെറുകിട ജലസേചന വകുപ്പ് തറമ്മൽ കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി തോടിന്റെ പകുതി ഭാഗം ഉപയോഗപ്പെടുത്തി തീർത്തും അശാസ്ത്രീയമായി ഒരു കനാൽ നിർമിച്ചതോടെ നാട്ടുകാരുടെ ദുരിതവും തുടങ്ങി.
കനാൽ കാരണം തോടിന്റെ വീതി കുറയുകയും വെള്ളത്തിന്റെ ഒഴുക്ക് നിലക്കുകയും ചെയ്തു. മഴക്കാലമാകുന്നതോടെ ആ ഭാഗത്തുള്ള റോഡും പരിസരത്തുള്ള വീടുകളും കടകളും വെള്ളം നിറഞ്ഞ് ജനങ്ങൾ വലിയ പ്രയാസത്തിലാവുകയാണിപ്പോൾ. വിവിധ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽ നട യാത്രക്കാരും പ്രയാസത്തിലാണ്. ശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ വാഹന ഗതാഗതവും പ്രയാസകരമാണ്.
മാത്രമല്ല വെള്ളക്കെട്ട് കാരണം ഭിന്നശേഷിക്കാരനായ അബ്ദുറഹിമാൻ എന്ന യുവാവിന് തന്റെ കട തുറക്കാൻ പോലും പറ്റാത്ത അവസ്ഥയുമുണ്ട്. കുടുംബത്തിന്റെ ഏക അത്താണി കൂടിയാണ് ഭാര്യയും മക്കളുമുള്ള അബ്ദുറഹിമാൻ. ഈ സാഹചര്യത്തിൽ പഞ്ചായത്തംഗം എസ്.എ നാസർ മൈനർ ഇറിഗേഷൻ വകുപ്പധികൃതർക്ക് പരാതി നൽകുകയും വിഷയം സി.കെ. കാസിം എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചെറുകിട ജലസേചന വകുപ്പ് അധികൃതരും സി.കെ. കാസിം എംഎൽഎയും സ്ഥലം സന്ദർശിക്കുകയും പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അറിയിക്കുകയും ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കസ്നഹമീദ്, പഞ്ചായത്തംഗം എസ്.എ. നാസർ എന്നിവർ സംബന്ധിച്ചു.